CDMA NEWS
ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റ് മലയാളി അസ്സോസിയേഷന് പിക്നിക് വന്‍ വിജയം
മൊയ്തീന് പുത്തന്‍ചിറ
Malayalam Daily News
ആല്‍ബനി (ന്യൂയോര്‍ക്ക്): ആല്‍ബനിയിലേയും പരിസരപ്രദേശങ്ങളിലേയും മലയാളികളുടെ കൂട്ടായ്മയായ ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റ് മലയാളി അസ്സോസിയേഷന്റെ (സി.ഡി.എം.എ) വാര്‍ഷിക പിക്നിക് ക്രമീകരണങ്ങള്‍ കൊണ്ടും ജനപങ്കാളിത്തം കൊണ്ടും വന്‍ വിജയമായി.
ജൂണ്‍ 25 ശനിയാഴ്ച നിസ്കയൂന കമ്മ്യൂണിറ്റി സെന്റര്‍/പാര്‍ക്കില്‍ വെച്ചായിരുന്നു പിക്നിക്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി മുടങ്ങിക്കിടന്നിരുന്ന പിക്നിക് അസ്സോസിയേഷന്റെ പുതിയ കമ്മിറ്റിയാണ് സംഘടിപ്പിച്ചത്. പ്രസിഡന്റ് വര്‍ഗീസ് സക്കറിയ (സുനില്‍) യുടെ നേതൃത്വത്തില്‍ കമ്മിറ്റി അംഗങ്ങളും അവര്‍ക്ക് സഹായികളായി സന്നദ്ധ സേവകരും ഈ പിക്നിക് ഒരു വന്‍ വിജയമാക്കിത്തീര്‍ത്തു.
കോവിഡ് മഹാമാരിക്കു ശേഷമുള്ള ആദ്യത്തെ ഒത്തുചേരല്‍ ആയതുകൊണ്ട് നിരവധി പേരാണ് രാവിലെ 11 മണി മുതല്‍ ആരംഭിച്ച പിക്നിക്കില്‍ പങ്കെടുക്കാന്‍ കുടുംബ സമേതം എത്തിയത്. ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റിലെ മലയാളികളും പുതുതായി ഈ പ്രദേശത്തേക്ക് കുടിയേറിയവരുമായി പരിചയപ്പെടാനും സൗഹൃദം പുതുക്കാനുമുള്ള ഒരു വേദിയുമായി ഈ പിക്നിക്.
സാധാരണ പികിനിക് വിഭവങ്ങള്‍ക്കു പുറമെ വൈവിധ്യമാർന്ന ഭക്ഷണക്രമീകരണങ്ങള്‍ ഏറെ ശ്രദ്ധേയമായി. നാടന്‍ തട്ടുകടയായിരുന്നു കൂടുതല്‍ ആകര്‍ഷകമായത്. മസാല ദോശയും, പൊറോട്ട, ബീഫ്, ഓംലറ്റ് എന്നു കുലുക്കി സര്‍ബ്ബത്ത് വരെ തട്ടുകടയില്‍ ലഭ്യമായിരുന്നു.
കുട്ടികള്‍ക്കും, സ്ത്രീ പുരുഷ ഭേദമന്യേ എല്ലാ പ്രായത്തിലുള്ളവര്‍ക്കും പങ്കെടുക്കാവുന്ന തരത്തില്‍ കായിക വിനോദങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. എല്ലാവരും ഉത്സാഹപൂര്‍വ്വം അവയിലെല്ലാം പങ്കെടുക്കുകയും ചെയ്തു. കൂടാതെ, തള്ളക്കോഴിയും കോഴിക്കുഞ്ഞുങ്ങളും, ആട് ആട്ടിന്‍കുട്ടികള്‍ മുതലായവ കൊച്ചുകുട്ടികളില്‍ കൗതുകമുണര്‍ത്തി. അവയെ തൊട്ടും തലോടിയും താലോലിച്ചും കുട്ടികള്‍ സ്വയം ആഹ്ലാദിച്ചു. കുതിര സവാരിയും അവര്‍ ആസ്വദിച്ചു.
ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റ് മലയാളി അസ്സോസിയേഷന് പിക്നിക് ജൂണ്‍ 25 ശനിയാഴ്ച
മൊയ്തീന് പുത്തന്‍ചിറ
Malayalam Daily News
ആല്‍ബനി (ന്യൂയോര്‍ക്ക്): ന്യൂയോര്‍ക്കിന്റെ തലസ്ഥാനമായ ആല്‍ബനിയിലെ മലയാളികളുടെ കൂട്ടായ്മയായ ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റ് മലയാളി അസ്സോസിയേഷന്റെ ഈ വര്‍ഷത്തെ പിക്നിക് ജൂണ്‍ 25 ശനിയാഴ്ച നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
രാവിലെ 11:00 മണി മുതല്‍ വൈകീട്ട് 6:00 മണിവരെ നിസ്കായുന കമ്മ്യൂണിറ്റി സെന്ററില്‍ (Niskayuna Community Centre, 2682 Aqueduct Rd., Niskayuna, NY 12309) വെച്ചാണ് പിക്നിക്കും അതിനോടനുബന്ധിച്ചുള്ള പരിപാടികളും നടക്കുക. വിവിധതരം സ്പോര്‍ട്സ്, മ്യൂസിക്, കളികള്‍ എന്നിവ കൂടാതെ രുചികരമായ ഭക്ഷണവും ഉണ്ടായിരിക്കും.
കഴിഞ്ഞ രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം ആദ്യമായി നടത്തുന്ന ഈ പിക്നിക്കില്‍ എല്ലാവരും, പ്രത്യേകിച്ച് ആല്‍ബനിയിലേയും പരിസരപ്രദേശങ്ങളിലേയും മലയാളികള്‍, പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.
പ്രവേശനം സൗജന്യമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: സുനില്‍ സാക്ക് 518 894 1564, അനൂപ് അലക്സ് 224 616 0411.
വെബ്: https://cdmany.org/
ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റ് മലയാളി അസ്സോസിയേഷന് നവ നേതൃത്വം
ആല്‍ബനി (ന്യൂയോര്‍ക്ക്): ആല്‍ബനിയിലെ മലയാളികളുടെ സംഘടനയായ ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റ് മലയാളി അസ്സോസിയേഷന് 2022-23 കാലയളവിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. മെയ് ഏഴാം തിയ്യതി നിസ്കയൂന കമ്യൂണിറ്റി സെന്ററില്‍ ചേര്‍ന്ന പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
വര്‍ഗീസ് സക്കറിയ (പ്രസിഡന്റ്), സുനൂജ് ശശിധരന് (വൈസ് പ്രസിഡന്റ്), അനൂപ് അലക്സ് (സെക്രട്ടറി), സൂസന് ജോര്‍ജ് (ട്രഷറര്‍) എന്നിവരേയും, എക്സിക്യൂട്ടീവ് അംഗങ്ങളായി രെഹ്ന ഷിജു, ചാള്‍സ് മാര്‍ക്കോസ്, ജിജി കുര്യന്, പ്രജീഷ് നായര്‍, പ്രിന്‍സ് കരിമാലിക്കല്‍, സെനോ ജോസഫ്, സഫ്വാന് അബ്ദുല്ല എന്നിവരേയും തിരഞ്ഞെടുത്തു.
അസ്സോസിയേഷന്റെ വാര്‍ഷിക പിക്നിക് ജൂണ്‍ 25നും, ഓണാഘോഷം സെപ്തംബര്‍ 11-നും നടത്തുമെന്ന് പ്രസിഡന്റ് വര്‍ഗീസ് സക്കറിയ പറഞ്ഞു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: വര്‍ഗീസ് സക്കറിയ 1+ 518 894 1564 – sunilzach@gmail.com, അനൂപ് അലക്സ് 1+224 616 0411 – physioanup@yahoo.com